Wednesday, February 9, 2011

പതാക


വീടിനെ തട്ടിയുണര്‍ത്തി വെള്ളം തളിച്ച്
മുറ്റം തൂത്ത് തൂത്ത് അമ്മയുടെ എല്ലുകള്‍.

അടുപ്പിലെ തീ വയറിനു താഴെ
ത്രിക്കണ്ണു വരച്ച് പരമശിവനെ മറന്ന്
മുറിവൂതിയൂതിവിളമ്പി തരുന്നത്.

കറവയറ്റ ഇന്ദ്രിയങ്ങളെ അഴിച്ചു കെട്ടി
പുല്ലു ചെത്തും വളഞ്ഞ നട്ടെല്ലിന്റെ
തുരുമ്പില്‍.

പാറ്റിക്കൊഴിച്ച് പതിരു കളഞ്ഞ്
അലക്കി വിരിച്ച മുഖങ്ങള്‍ മടക്കിയെടുത്ത്
വിയര്‍ത്ത കയറിനെ കുടിച്ചു വറ്റിക്കും
കിണറ്റിലേക്ക് നോക്കി.

ദാഹിച്ചു വലഞ്ഞ കരിയിലകള്‍ക്ക്
തീയിട്ടു കൊടുത്ത്‌ പ്രാര്‍ത്ഥിച്ചു നില്‍ക്കും
വാരിയെല്ലുകളുടെ.

ഇടയ്ക്കിടയ്ക്ക് മുറിതുറന്ന്
വിശപ്പ്‌ മാറ്റും നിഴലുകള്‍ക്ക്
ഉടുപ്പ് തുന്നും വിരല്‍ത്തിടുക്കത്തെ.

തളര്‍ന്ന കാറ്റില്‍ കഴുകാത്ത ഷഡ്ഡികള്‍;
പൈതൃകത്തിന്റെ കൊടികളായ്‌.

No comments:

Post a Comment