Saturday, March 5, 2011

സംസ്ക്കാരം

നിന്നെ
വേണ്ടതു പോലെ
കുഴിച്ചിട്ടതാണല്ലോ.
എന്താടോ വേണ്ടത്?
ഒരാള്‍ താഴ്ച പോരെ നിനക്ക്?
പട്ടുടയാടകള്‍ ഇനിയും വേണോ?
പേടകത്തില്‍
മുത്തുകളാണ് പതിച്ചത്
മുത്തുകള്‍.



എന്തായാലും
കേറിയിരിക്ക്.
കുറച്ചു കപ്പ ഇരിപ്പുണ്ട്.
മുളകൊക്കെ തീര്‍ന്നു.
അല്ലെങ്കില്‍
എണ്ണ തളിച്ച്
തരാമായിരുന്നു.



വൃത്തികെട്ടവനേ,
നിന്നെ കുഴിച്ചിടാന്‍ നേരം
നടുവെട്ടി പോയി.
അടക്കം കഴിഞ്ഞ്
കുഴമ്പിട്ടൊരു
കുളി കുളിച്ചിട്ടാ
എല്ലാം നേരെയായത്.



നീ പണി എടുത്തു.
വീട് വെച്ചു.
പെണ്ണ് കെട്ടി.
പിള്ളേരെ ഉണ്ടാക്കി.
എന്നിട്ടൊരു ദിവസം
നീണ്ടു നിവര്‍ന്നങ്ങു കിടന്നു.



അറിയാമോടാ
മരങ്ങോടാ
കുഴി വെട്ടിയത് ഞാനാ.
ഈ കൈകൊണ്ട്.
തൂമ്പഎടുത്തു തരാം.
ചുണ ഉണ്ടെങ്കില്‍
ഒരെണ്ണം വെട്ടി കാണിക്ക്‌.




അങ്ങനെയല്ലെടാ പുളുന്താനേ
മണ്ണ് കൊരേണ്ടത്.
താത്തി വെട്ടി
കോരി വലിച്ച്
എടുത്തു പൊക്കി
മോളിലോട്ട് എറിയണം.
ഇനിയങ്ങോട്ട്
മാറി നില്‍ക്ക്.
ഞാനവിടെ ചെന്ന്
കെടക്കട്ടെ
കുറച്ചു നേരം.
എന്തോന്നാടാ
വായി നോക്കി
നിക്കുന്നത്.
മണ്ണു വാരി
എന്റെ മേത്തോട്ടിടെടാ.
അങ്ങനെ
അങ്ങനെ
അങ്ങനെ.