Saturday, April 2, 2011

യജ്ഞം


ഉടുതുണികള്‍ ഞാത്തിയിട്ട 
മുറ്റത്ത്‌ പൂവന്‍കോഴികള്‍ 
പാറിപ്പോകും നേരത്ത് 
മുളകുണക്കുന്ന പെണ്‍കുട്ടി.

ഉള്ളിലെരിയുമാര്‍ത്തവചോരയെ 
വറ്റല്‍ മുളകാക്കി ഉണക്കുന്നോളുടെ 
മുഖച്ചായയില്‍ മങ്ങിനില്ലും 
മരത്തിന്‍ തണലുകള്‍. 

സന്ധ്യാനേരം പാവാടചരടാല്‍
ചോര വലിചൂറ്റി വീടിനുള്ളിലെ-
ക്കോടികേറുമ്പോള്‍ കയ്യില്‍ നിന്ന് 
വഴുതിപ്പോകും മുളകിന്‍ തുള്ളികള്‍.

കണ്ണിലകപെട്ട നക്ഷത്രങ്ങള്‍ 
തിരുമ്മി കളഞ്ഞ് രാക്കറുപ്പിന്‍ 
കിടക്കയില്‍ മുഖം പൂഴ്ത്തി 
വീര്‍പ്പുമുട്ടും നിലാവ്. 

അച്ഛന്‍ നട്ടുവളര്‍ത്തിയ 
കൊമ്പന്‍ മീശതൈകള്‍ക്ക്
വെള്ളം കോരി മടുത്ത 
കൈകളാല്‍ ചോരയോപ്പി 
കിടക്കുമ്പോള്‍ അമ്മയുടെ 
ദീര്‍ഘ നിശ്വാസങ്ങള്‍ ആവി-
മേഘങ്ങളായ് മുറികളെ 
വിയര്‍പ്പിക്കും വേനല്‍. 

അവയങ്ങള്‍ ഓരോന്നും 
ചര്‍ദ്ദിച്ചു കളഞ്ഞ് 
പുഴയുടെ മാറില്‍ 
മലര്‍ന്നുകിടന്ന്
ഒഴുകാന്‍ തോന്നും 
സ്വപ്നത്തില്‍ നിന്ന് 
മുറ്റത്തേക്കിറങ്ങി 
അരിവാള്‍ മുനയാല്‍ 
മീശതൈകള്‍ 
അരിഞ്ഞു വീഴ്ത്തുന്നോള്‍
കാട്ടുമൈനയെന്ന പെണ്‍കുട്ടി.