Sunday, February 13, 2011

സ്പയ്ഡര്‍ വുമന്‍

അഞ്ചാമത്തെ പീരിഡി ന്റെ
മധ്യത്തില്‍ വച്ച്
ക്ലാസ്സ്‌ ടീച്ചര്‍
സ്പയ്ഡര്‍ വുമണായി.

ചോക്ക് പൊടി തൂത്ത് കളഞ്ഞ്
ഭിത്തിയില്‍ അള്ളിപിടിച്ച്.
മേല്‍ക്കൂരയില്‍
പറ്റിക്കിടന്നു
ക്ലാസ്സെടുക്കുമ്പോള്‍
ഇഴയുന്നതിന്റെയും
തലകീഴാവുന്നതിന്റെയും
പ്രാധാന്യം പിടികിട്ടുന്നു.

ഞങ്ങളും ആ വിദ്യ പഠിക്കുന്നു.

ഭിത്തിയിലും ചുവരിലും
ഇഴഞ്ഞു നടന്ന്‌
കണക്ക് ചെയ്യുന്നു.
വല നെയ്യുന്നു.
കവിത ചൊല്ലുന്നു.
ഇര പിടിക്കുന്നു.
ക്ലാസ് റൂം
ഉള്ളില്‍ തന്നെയെന്ന്
തിരിയുന്നു.
ആവശ്യം വരുമ്പോള്‍
ഇടതു വശത്തുള്ള
ഭിത്തിയില്‍ നിന്നും
അലമാരയുടെ വക്കിലേക്ക്‌
വലിച്ചു കെട്ടുന്നുവെന്നു മാത്രം. 

Saturday, February 12, 2011

ഡിക്കിയിലെന്താണ് ? ഡിക്കിയിലെന്താണ് ?

നൂറു കിലോമീറ്റെര്‍
വേഗതയില്‍
കാര്‍ ഓടിച്ചുകൊണ്ടിരിക്കുന്ന
അക്ബറിനോട്
പിന്‍ സീറ്റിലിരുന്ന്
ഒരു ചോദ്യം
ഡിക്കിയിലെന്താണ് ?
ഡിക്കിയിലെന്താണ് ?

തേങ്ങ തേങ്ങ
തേങ്ങാക്കൊല
എന്ന മുഖഭാവത്തില്‍
അവന്‍ തിരിഞ്ഞു നോക്കുമ്പോള്‍
അനേകമനേകം
കാക്കകള്‍ കാഷ്ടിച്ച്
ഇളിഭ്യനായ
ഗാന്ധിപ്രതിമ പോലെ
ഈയുള്ളോന്‍.

നിലവാരമുള്ള
ഒരു ജീവിയാണ് അവന്‍.
കാറോടിക്കുമ്പോള്‍
മൂളിപ്പാട്ട് പാടും.
പക്ഷെ പരിഹാസം;
അതാണ്‌
സഹിക്കാന്‍ വയ്യാത്തത്.
പരിഹസിച്ച് പരിഹസിച്ച്
അവന്‍ നമ്മെ പ്രതിമയാക്കും.
ഞാന്‍ അവനാല്‍ പ്രതിമയാക്കപെട്ടവന്‍.
പിന്‍ സീറ്റിനുടമ.
സംശയാലു.

ഡിക്കിയിലെന്താണ് ?
ഡിക്കിയിലെന്താണ് ?

തേങ്ങ തേങ്ങ
തേങ്ങാക്കൊല.

നിശ്ചയം
നീയോടിക്കുന്ന കാര്‍ പോസ്റ്റിലിടിക്കും.
നീ മരിക്കും.
ഞാന്‍ പിന്‍ സീറ്റില്‍
ചെറുചിരിയോടെ
ചാരിയിരിക്കപെട്ട നിലയില്‍
ജീവിതത്തിലേക്ക്
തിരികെ വരും.
പ്രതിമായക്കപെട്ടവന്
ഒന്നും സംഭവിക്കില്ല.

ഡിക്കിയിലെന്താണ് ?
ഡിക്കിയിലെന്താണ് ?

തേങ്ങ തേങ്ങ
തേങ്ങാക്കൊല.
എന്ന ആവേഗത്തില്‍
സഡന്‍ ബ്രേക്കിട്ട്
ഡോര്‍ തുറന്ന്
എന്നെ വലിച്ച് പുറത്താക്കി
ഡിക്കി തുറക്കുന്നു അക്ബര്‍.
ഞെട്ടി തരിച്ചുപോയ് ഞാന്‍.
തലകള്‍ തലകള്‍
ഞങ്ങളുടെ തലകള്‍.

തേങ്ങ തേങ്ങ
തേങ്ങാക്കൊല
എന്ന ഭാവത്തില്‍ അക്ബറും
ഡിക്കിയിലെന്താണ് ?
ഡിക്കിയിലെന്താണ് ?
എന്ന ഭാവത്തില്‍ ഞാനും
തലയില്ലാതെ നില്‍ക്കുമ്പോള്‍
ഞങ്ങളില്‍ നിന്നകന്നു പോകുന്നു കാര്‍.
ഞങ്ങള്‍ക്ക് ഒരിക്കലും പോകേണ്ടാത്ത ഒരിടത്തേക്ക്
ഞങ്ങളില്ലാതെ ഞങ്ങളുടെ തലകളുമായ്.

Friday, February 11, 2011

ചുവന്ന കുളിമുറി

ബാത്ത് റൂമിലെ
ഇളം നീല ടയില്സില്‍
ചാരിയിരുന്ന്
തിളങ്ങുംബ്ലേഡാല്‍
ഞരമ്പ്‌ മീട്ടുമ്പോള്‍
ചുവന്ന സംഗീതം.
കണ്ണടച്ചിരുന്ന്
കമ്പികള്‍ മുറുക്കവേ
കൈത്തണ്ടയില്‍ നിന്ന്
ഭിത്തിമേല്‍ പടരും
വള്ളിചെടിയാണ്
എനിക്ക് നഷ്ടമായ പ്രണയം.
പ്രേമിച്ചവളെ മറക്കണമെങ്കില്‍
ചുവന്ന കുളിമുറിയില്‍
മലര്‍ന്നു കിടന്ന്
മതിയാവോളം
മരിക്കണം. 

Thursday, February 10, 2011

പൈ

ഞങ്ങളുടെ പൈ 
മുറ്റത്തെ കുറ്റിയില്‍ ഒരു കറക്കം.
കൊച്ചുമോള്‍ ഓടി വന്ന്
അതിന്‍റെ വ്യാസമെടുത്തു.
എന്നിട്ട് പശു കറങ്ങിയതിന്റെ
ചുറ്റളവിനെ വ്യാസം കൊണ്ട് ഹരിച്ച്‌
3 .14 എന്ന് മുറ്റത്തെഴുതി വച്ചിട്ട്
ഉറങ്ങാന്‍ പോയി.
ഇപ്പോള്‍ സ്വപ്നത്തിലൂടെ
ഭൂമി കറങ്ങുന്നത് അവള്‍ കാണുന്നു.
കറുമ്പി പൈയ്യുടെ നീലക്കണ്ണുകളിലൂടെ.

Wednesday, February 9, 2011

പതാക


വീടിനെ തട്ടിയുണര്‍ത്തി വെള്ളം തളിച്ച്
മുറ്റം തൂത്ത് തൂത്ത് അമ്മയുടെ എല്ലുകള്‍.

അടുപ്പിലെ തീ വയറിനു താഴെ
ത്രിക്കണ്ണു വരച്ച് പരമശിവനെ മറന്ന്
മുറിവൂതിയൂതിവിളമ്പി തരുന്നത്.

കറവയറ്റ ഇന്ദ്രിയങ്ങളെ അഴിച്ചു കെട്ടി
പുല്ലു ചെത്തും വളഞ്ഞ നട്ടെല്ലിന്റെ
തുരുമ്പില്‍.

പാറ്റിക്കൊഴിച്ച് പതിരു കളഞ്ഞ്
അലക്കി വിരിച്ച മുഖങ്ങള്‍ മടക്കിയെടുത്ത്
വിയര്‍ത്ത കയറിനെ കുടിച്ചു വറ്റിക്കും
കിണറ്റിലേക്ക് നോക്കി.

ദാഹിച്ചു വലഞ്ഞ കരിയിലകള്‍ക്ക്
തീയിട്ടു കൊടുത്ത്‌ പ്രാര്‍ത്ഥിച്ചു നില്‍ക്കും
വാരിയെല്ലുകളുടെ.

ഇടയ്ക്കിടയ്ക്ക് മുറിതുറന്ന്
വിശപ്പ്‌ മാറ്റും നിഴലുകള്‍ക്ക്
ഉടുപ്പ് തുന്നും വിരല്‍ത്തിടുക്കത്തെ.

തളര്‍ന്ന കാറ്റില്‍ കഴുകാത്ത ഷഡ്ഡികള്‍;
പൈതൃകത്തിന്റെ കൊടികളായ്‌.