Tuesday, May 17, 2011

കടലാമ (ഹന്നയ്ക്ക്)


റ്റപെട്ട പാതിരാത്രികളില്‍ 
കടലാമയെപോലെ
സ്വന്തം ശരീരത്തില്‍ 
ഒളിച്ചിരുന്ന് 
നിലാവ് നോക്കുന്ന പെണ്ണേ,
പരദ്ദയെന്നു പേരുള്ള 
നിന്റെ പുറം തോടിന്റെ കട്ടി 
പല്ലുകളെ പുളിപ്പിക്കുന്നു.

കട്ടിയിരുമ്പില്‍
കടിക്കുന്ന പോലെ.

തലച്ചോറിലെ 
കക്കകള്‍
അളിഞ്ഞു നാറി
മണം തുപ്പുന്നുണ്ട്.

പക്ഷി തൂവലുകളാല്‍
പൊതിഞ്ഞ 
അസ്ഥികുഴലുകളിലൂടെ 
ഒറ്റക്കണ്ണടച്ച്‌ 
നിന്റെ തടവറയെ 
വീക്ഷിക്കുമ്പോള്‍ 
മുഷിഞ്ഞ മണങ്ങള്‍ 
കൊമ്പല്ലുയര്‍ത്തി
നോക്കുന്നു. 

ഉപ്പിലിട്ടു വെച്ച 
മുല ഞെട്ടുകളില്‍ 
കട്ടി പൂപ്പലിന്റെ 
വെളുത്ത വാവ്.

നിന്റെ മുഖം അടയിരിക്കാന്‍
മാത്രം വിധിക്കപെട്ട 
പെണ്പക്ഷിയല്ല.
ചിറകു മുളയ്ക്കുന്ന 
മരപൊത്തുകളാണ് 
കൃഷ്ണമണികള്‍.

കറുത്ത പുറംതോടില്‍ നിന്ന് 
തൂവലുകള്‍ ചൂടി നീ വരണം. 
അന്ന് എല്ലാ ചന്ദ്ര ബിംബങ്ങളും
മുഖം നോക്കുന്ന 
കണ്ണാടിയാകും. 

ഞാന്‍ രാത്രിയുടെ
പല്‍ച്ചക്രങ്ങള്‍ തിരിച്ച് 
കടല്‍ തീരത്തുണ്ടാവും.
വിറയ്ക്കാത്ത കൈകള്‍ കൊണ്ട് 
എല്ലാ കടലാമകള്‍ക്കും
മണല്കൊട്ടരം പണിയണം. 
വെളുത്ത മുട്ടകള്‍ 
ഉമ്മ വെച്ച് വിരിയിക്കണം. 

ചന്ദ്ര ബിംബത്തിലെ
മഞ്ഞുപാട നാവാല്‍ തുടച്ച്
മുഖം നോക്കണം.

നീ ചൂടിയ തൂവലുകളില്‍ 
ഏതൊക്കെ പക്ഷികളുടെ 
മണമുണ്ടെന്ന് എണ്ണിയെണ്ണി,
കുഞ്ഞു കുഞ്ഞു കടലാമകള്‍ 
സമുദ്രത്തിലേക്ക് 
ഇഴയുന്നതും നോക്കി 
നീയും ഞാനും 
മാത്രം.

No comments:

Post a Comment