Tuesday, May 17, 2011

കടലാമ (ഹന്നയ്ക്ക്)


റ്റപെട്ട പാതിരാത്രികളില്‍ 
കടലാമയെപോലെ
സ്വന്തം ശരീരത്തില്‍ 
ഒളിച്ചിരുന്ന് 
നിലാവ് നോക്കുന്ന പെണ്ണേ,
പരദ്ദയെന്നു പേരുള്ള 
നിന്റെ പുറം തോടിന്റെ കട്ടി 
പല്ലുകളെ പുളിപ്പിക്കുന്നു.

കട്ടിയിരുമ്പില്‍
കടിക്കുന്ന പോലെ.

തലച്ചോറിലെ 
കക്കകള്‍
അളിഞ്ഞു നാറി
മണം തുപ്പുന്നുണ്ട്.

പക്ഷി തൂവലുകളാല്‍
പൊതിഞ്ഞ 
അസ്ഥികുഴലുകളിലൂടെ 
ഒറ്റക്കണ്ണടച്ച്‌ 
നിന്റെ തടവറയെ 
വീക്ഷിക്കുമ്പോള്‍ 
മുഷിഞ്ഞ മണങ്ങള്‍ 
കൊമ്പല്ലുയര്‍ത്തി
നോക്കുന്നു. 

ഉപ്പിലിട്ടു വെച്ച 
മുല ഞെട്ടുകളില്‍ 
കട്ടി പൂപ്പലിന്റെ 
വെളുത്ത വാവ്.

നിന്റെ മുഖം അടയിരിക്കാന്‍
മാത്രം വിധിക്കപെട്ട 
പെണ്പക്ഷിയല്ല.
ചിറകു മുളയ്ക്കുന്ന 
മരപൊത്തുകളാണ് 
കൃഷ്ണമണികള്‍.

കറുത്ത പുറംതോടില്‍ നിന്ന് 
തൂവലുകള്‍ ചൂടി നീ വരണം. 
അന്ന് എല്ലാ ചന്ദ്ര ബിംബങ്ങളും
മുഖം നോക്കുന്ന 
കണ്ണാടിയാകും. 

ഞാന്‍ രാത്രിയുടെ
പല്‍ച്ചക്രങ്ങള്‍ തിരിച്ച് 
കടല്‍ തീരത്തുണ്ടാവും.
വിറയ്ക്കാത്ത കൈകള്‍ കൊണ്ട് 
എല്ലാ കടലാമകള്‍ക്കും
മണല്കൊട്ടരം പണിയണം. 
വെളുത്ത മുട്ടകള്‍ 
ഉമ്മ വെച്ച് വിരിയിക്കണം. 

ചന്ദ്ര ബിംബത്തിലെ
മഞ്ഞുപാട നാവാല്‍ തുടച്ച്
മുഖം നോക്കണം.

നീ ചൂടിയ തൂവലുകളില്‍ 
ഏതൊക്കെ പക്ഷികളുടെ 
മണമുണ്ടെന്ന് എണ്ണിയെണ്ണി,
കുഞ്ഞു കുഞ്ഞു കടലാമകള്‍ 
സമുദ്രത്തിലേക്ക് 
ഇഴയുന്നതും നോക്കി 
നീയും ഞാനും 
മാത്രം.

പരിണാമം


ചെറിയൊരു 
ചൊറിച്ചിലില്‍
നിന്നു തുടങ്ങിയതാണ്‌. 
ഒടുക്കം 
ചിമ്പന്‍സിയായി.
നിങ്ങടെ വീട്ടില്‍ ഉറുമ്പിന്റെ കൂടുണ്ടോ?
ഉറുമ്പിന്റെ കൂട്?

വൃക്ക


ണ്ടോ 
അടിവയറ്റിലെ പാട്.
മുറിച്ചു വിറ്റതാടോ.
കശുവണ്ടി പരിപ്പ് പോലെ 
ഒരു സാധനമാ.
മൂത്രം പോകാനും 
ജീവന്‍ നിക്കാനും 
ഒരെണ്ണമൊക്കെ മതിയെന്ന് കേട്ടു.  
കൊറേ പൈസ കിട്ടിയെന്നേ.
അടിച്ചു പൊളിക്കാമെന്ന് വെച്ചു.
നേരെ ഊട്ടിക്കു പോയി.
മുറിയെടുത്ത്
മൂക്ക് മുട്ടെ കള്ളുകുടിച്ചു.
തണുപ്പത്തിരുന്നപ്പം ഒരു പൂതി.
കൂടെ കെടക്കാനൊരാള് വേണം. 
കാശ് കൊറേ പോയെങ്കിലും
സംഘടിപ്പിച്ചു. 
ഫസ്റ്റു ടൈമാരുന്നു.
ഇതൊന്നുമങ്ങനെ 
പരിശീലിചിട്ടില്ലെടോ.
ഞങ്ങള് ഒന്നും രണ്ടും 
പറഞ്ഞിരുന്നു. 
എന്‍റെ പടുതീം പത്രാസും 
കണ്ടു ചോദിച്ചു.
എങ്ങനാ ഇത്രേം പണം?
വയറ്റിനകത്ത്
കശുവണ്ടി പരിപ്പ് പോലെ
ഒരു സാധനമുന്ടെന്നും  
മുറിച്ചു വിറ്റാ പൈസ കിട്ടുമെന്നും 
ഞാനങ്ങു തട്ടി.
എങ്കി എന്നെ കൂടി 
പണക്കാരി ആക്കാമോന്ന് അവള്‍. 
പിന്നെ ഒന്നുമാലോചിച്ചില്ല.
കിടക്കയിലോട്ട് തള്ളിയിട്ട്
ഞാനവടെ അടിവയറ്
കീറാന്‍ തുടങ്ങി.

അഴിച്ചു കെട്ടെടാ പയ്യിനെ


ഴിച്ചു കെട്ടെടാ പയ്യിനെ

ഇതത്ര എളുപ്പമല്ല
ഒന്നിനും മൂക്ക് കയറില്ലന്നെ.
പുല്ലു തിന്ന് തിന്ന്
മഴമേഘങ്ങളായ്
മാറിയാവരാണ് മേയുന്നത്.

പറഞ്ഞാല്‍ പിടികിട്ടണ്ടേ.
കുന്നിന്‍ പുറവും പശുക്കളും
സ്വപ്നത്തിന്റെ ഭാഗമാണ്.
കയറിന്റെ ഇങ്ങേയറ്റവുമായ്‌
ഞാന്‍ നില്‍ക്കുന്നതോ
ഉറക്കത്തിനു വെളിയിലും.

എന്നിട്ടും നീ
അഴിച്ചു കെട്ടെടാ പയ്യിനെ
അഴിച്ചു കെട്ടെടാ പയ്യിനെ
എന്ന് കയറു പോട്ടിക്കുന്നതെന്തിനാ?
വേഗം പറ വേഗം പറ
ഉറക്കം വരുന്നു.

ബീഥോവന്‍


ശൈത്യകാലം കഴിഞ്ഞിട്ടും 
ഒരു മഞ്ഞു പ്രതിമ മാത്രം 
ഇല കൊഴിഞ്ഞ മരങ്ങള്‍ക്ക് 
കൂട്ടിരിക്കുന്നു. 
പ്രതിമ അതിന്‍റെ 
ശരീരത്തിന്റെ തുള്ളികള്‍ 
താഴെ വീണു കിടക്കുന്ന 
ഇലകളിലേക്ക് വീഴ്ത്തുമ്പോള്‍ 
ഭൂമിയിലെ പൂമ്പാറ്റകളെല്ലാം
ചിറകടിച്ചുയരുന്നു.
പ്രതിമയുടെ മഞ്ഞു വിരലുകള്‍ 
ശിഖരങ്ങളില്‍ ശ്രുതി മീട്ടുമ്പോള്‍
ധാരാളം പക്ഷികള്‍ 
ആകാശത്തേയ്ക്ക് 
പറന്നുപോകുന്നു.

ഭംഗി


















ന്നലെ പൂന്തോട്ടത്തിലെ 
മാവിന്‍ തണല്‍ തൂത്ത് വെടിപ്പാക്കി.
കാണാന്‍ എന്തൊരു ഭംഗിയായിരുന്നു. 
ഇന്നത്‌ തൂക്കാന്‍ മറന്നു. 
ഇപ്പോള്‍ അത് 
ഇന്നലത്തെക്കാള്‍
ഭംഗിയായിരിക്കുന്നു.

കല്ലില്‍ തട്ടി വീഴുമ്പോള്‍

















ല്ലില്‍ തട്ടി വീഴുമ്പോള്‍ പിക്കാസോ!
ഇല്ല ......ഇല്ല.....ഇനിയില്ല
ഇങ്ങനെയൊരു വീഴ്ച്ച.

ഒരു പെണ്ണിനെ കണ്ടിട്ട്
അവളുടെ മൂക്ക് ആ സ്ഥാനത്തു തന്നെ
അലങ്കരിക്കപ്പെടെണ്ടതാണോ
എന്ന് ശങ്കിച്ച് കണ്ണിലേക്കു നോക്കി
തരിച്ചു നില്‍ക്കുമ്പോള്‍ പിക്കാസോ
ഇല്ല......ഇല്ല.....ഇനിയില്ല
ഇങ്ങനെയൊരു വീഴ്ച്ച.

ഒരേ രീതിയില്‍ തന്നെ
നടന്നു മടുക്കുമ്പോള്‍
കൈകള്‍ കൂടി കുത്തി നടന്ന്‌,
അല്ലെങ്കില്‍ നടുറോഡിലൂടെ
തവളച്ചാട്ടം ചാടി
അതുമല്ലെങ്കില്‍
വെറുതെയൊരു രസത്തിന്
പിറകോട്ട്‌ നടക്കുമ്പോള്‍  പിക്കാസോ!
ഇല്ല......ഇല്ല.....ഇനിയില്ല
ഇങ്ങനെയൊരു വീഴ്ച്ച.

ആരൊക്കെയോ
പിരിഞ്ഞു പോകുമ്പോള്‍
നീളത്തില്‍ ഒരു വര
പിന്നെയൊരു ചതുരം
നടുക്ക് വട്ടം
എവിടെയെങ്കിലും
നാലഞ്ചു ത്രികോണങ്ങള്‍
രൂപങ്ങള്‍ക്ക്‌ വെളിയില്‍
സ്വന്തം അവയവങ്ങള്‍ മുറിച്ചെടുത്ത്‌
നിരത്തി വെയ്ക്കുമ്പോള്‍ പിക്കാസോ!
ഇല്ല......ഇല്ല.....ഇനിയില്ല
ഇങ്ങനെയൊരു വീഴ്ച്ച.

അല്ലെങ്കില്‍
ല്ലഇ.....ല്ലഇ.....ല്ലയിനിഇ
രുയൊനെങ്ങഇ ചഴ്വീ!!!