Saturday, February 12, 2011

ഡിക്കിയിലെന്താണ് ? ഡിക്കിയിലെന്താണ് ?

നൂറു കിലോമീറ്റെര്‍
വേഗതയില്‍
കാര്‍ ഓടിച്ചുകൊണ്ടിരിക്കുന്ന
അക്ബറിനോട്
പിന്‍ സീറ്റിലിരുന്ന്
ഒരു ചോദ്യം
ഡിക്കിയിലെന്താണ് ?
ഡിക്കിയിലെന്താണ് ?

തേങ്ങ തേങ്ങ
തേങ്ങാക്കൊല
എന്ന മുഖഭാവത്തില്‍
അവന്‍ തിരിഞ്ഞു നോക്കുമ്പോള്‍
അനേകമനേകം
കാക്കകള്‍ കാഷ്ടിച്ച്
ഇളിഭ്യനായ
ഗാന്ധിപ്രതിമ പോലെ
ഈയുള്ളോന്‍.

നിലവാരമുള്ള
ഒരു ജീവിയാണ് അവന്‍.
കാറോടിക്കുമ്പോള്‍
മൂളിപ്പാട്ട് പാടും.
പക്ഷെ പരിഹാസം;
അതാണ്‌
സഹിക്കാന്‍ വയ്യാത്തത്.
പരിഹസിച്ച് പരിഹസിച്ച്
അവന്‍ നമ്മെ പ്രതിമയാക്കും.
ഞാന്‍ അവനാല്‍ പ്രതിമയാക്കപെട്ടവന്‍.
പിന്‍ സീറ്റിനുടമ.
സംശയാലു.

ഡിക്കിയിലെന്താണ് ?
ഡിക്കിയിലെന്താണ് ?

തേങ്ങ തേങ്ങ
തേങ്ങാക്കൊല.

നിശ്ചയം
നീയോടിക്കുന്ന കാര്‍ പോസ്റ്റിലിടിക്കും.
നീ മരിക്കും.
ഞാന്‍ പിന്‍ സീറ്റില്‍
ചെറുചിരിയോടെ
ചാരിയിരിക്കപെട്ട നിലയില്‍
ജീവിതത്തിലേക്ക്
തിരികെ വരും.
പ്രതിമായക്കപെട്ടവന്
ഒന്നും സംഭവിക്കില്ല.

ഡിക്കിയിലെന്താണ് ?
ഡിക്കിയിലെന്താണ് ?

തേങ്ങ തേങ്ങ
തേങ്ങാക്കൊല.
എന്ന ആവേഗത്തില്‍
സഡന്‍ ബ്രേക്കിട്ട്
ഡോര്‍ തുറന്ന്
എന്നെ വലിച്ച് പുറത്താക്കി
ഡിക്കി തുറക്കുന്നു അക്ബര്‍.
ഞെട്ടി തരിച്ചുപോയ് ഞാന്‍.
തലകള്‍ തലകള്‍
ഞങ്ങളുടെ തലകള്‍.

തേങ്ങ തേങ്ങ
തേങ്ങാക്കൊല
എന്ന ഭാവത്തില്‍ അക്ബറും
ഡിക്കിയിലെന്താണ് ?
ഡിക്കിയിലെന്താണ് ?
എന്ന ഭാവത്തില്‍ ഞാനും
തലയില്ലാതെ നില്‍ക്കുമ്പോള്‍
ഞങ്ങളില്‍ നിന്നകന്നു പോകുന്നു കാര്‍.
ഞങ്ങള്‍ക്ക് ഒരിക്കലും പോകേണ്ടാത്ത ഒരിടത്തേക്ക്
ഞങ്ങളില്ലാതെ ഞങ്ങളുടെ തലകളുമായ്.

No comments:

Post a Comment